ചെന്നൈ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരൻ ചെന്നൈയിൽ അറസ്റ്റിലായി. കുന്ദ്രത്തൂരിന് സമീപമുള്ള നന്ദമ്പാക്കം സ്വദേശിയും ഇലക്ട്രീഷ്യനുമായ മുത്തുസാമിയാണ് അറസ്റ്റിലായത്.
ചെന്നൈ പ്രാന്തപ്രദേശത്തുള്ള സോമംഗലത്തിന് സമീപം സെപ്റ്റംബർ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി തന്റെ മോട്ടോർ സൈക്കിളിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പീഡനത്തെത്തുടർന്ന് അമിത രക്തസ്രാവമുണ്ടായ പെൺകുട്ടി താമ്പരത്തിന് സമീപമുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡുവാഞ്ചേരി ഓൾ വിമൻ പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, ചെന്നൈയിൽ എൺപത്തിനാലുകാരനായ വ്യവസായിക്കെതിരെയുള്ള മറ്റൊരു ലൈംഗികാതിക്രമ കേസും പൊലിസ് വീണ്ടും അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഡിജിപിയുടെ ഉത്തരവിനെ തുടർന്ന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.